Thursday, May 14, 2020

ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് 14.05.2020 ൽ പത്തനംതിട്ടയിൽ നടത്തിയ പത്ര സമ്മേളനം

ലോക്ഡൗണ്‍ അന്‍പതു ദിവസം പിന്നിടുമ്പോള്‍ പത്തനംതിട്ട ജില്ലയില്‍ പൊതു ജനാരോഗ്യരംഗത്ത് വന്‍ ഭീഷണി നിലനില്‍ക്കുന്നുവെന്ന് ഡി.സി.സി പ്രസിഡന്‍റ്ബാബു ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  മൂന്നാംഘട്ട ലോക്ഡൗണിന്‍റെ അവസാന ഘട്ടത്തിലും 1421 പേര്‍ ജില്ലയില്‍ ക്വാറന്‍റൈനില്‍ ഉണ്ടെന്നുള്ളത് ഗൗരവകരമാണ്.  വേനല്‍ മഴ ശക്തി പ്രാപിച്ചതോടെ ഡെങ്കിപ്പനിയും, എലിപ്പനിയും ജില്ലയില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നു.  ആരോഗ്യവകുപ്പിന്‍റെ കണക്കനുസരിച്ച് ജില്ലയില്‍ 143 ഡെങ്കിപ്പനിയും, 63 എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ജില്ലാ പൊതുജനാരോഗ്യവകുപ്പിന്‍റെ പരാജയമാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ബാബു ജോര്‍ജ്ജ് കുറ്റപ്പെടുത്തി.  ശുചീകരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളി എന്നാണ് ഇത് സൂചിപ്പിക്കുന്നത്.  പ്രസ്താവനകളല്ലാതെ ഫലപ്രദമായ യാതൊരു നടപടിയും സര്‍ക്കാര്‍ ജില്ലയില്‍ സ്വീകരിച്ചു കാണുന്നില്ല.  കോവിഡില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതുമൂലം മറ്റ് പ്രധാന രോഗങ്ങള്‍ക്ക് മെഡിക്കല്‍ കോളേജിലേക്ക് രോഗികളെ റഫര്‍ ചെയ്യുകയാണ് ജില്ലയില്‍ ചെയ്യുന്നത്.  ഇപ്പോള്‍ വിദേശത്തുനിന്നും വന്ന 47 പ്രവാസികളില്‍ 20 പേര്‍ കോവിഡ് കെയര്‍ സെന്‍ററിലാണെന്നുള്ളത് ഗൗരവമായി കാണണം.

50 ദിവസം പിന്നിടുമ്പോള്‍ ജില്ലയില്‍ സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണ്ണമാണ്.  പതിനായിരത്തില്‍ താഴെ മാസവരുമാനം ഉണ്ടായിരുന്ന സാധാരണ തൊഴിലാളികളാണ് കഷ്ടപ്പെടുന്നത്  ജില്ലയില്‍ പട്ടിണി വ്യാപകമാണ്.  സമൂഹ അടുക്കള നിര്‍ത്തിയതാണ് ഇതിനു കാരണം.  സാമ്പത്തിക  ബുദ്ധിമുട്ട് കാരണം ഒരുനേരം മാത്രം ഭക്ഷണം കഴിക്കുന്നവര്‍ ജില്ലയില്‍ ധാരാളമുണ്ട്.  വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് വാടക നല്‍കാന്‍ പണമില്ല.  തൊഴില്‍ നഷ്ടപ്പെട്ടവര്‍ കടക്കാരായി മാറി.  ജില്ലയില്‍ അതിരൂക്ഷമായ വിലക്കയറ്റമാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ നടപടിയില്ല.  50 ദിവസം കൊണ്ട് കോഴിവില കിലോയ്ക്ക് 165 രൂപയായി.  വില നിയന്ത്രണം സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപനം ജലരേഖയായി.  എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് തീയതി നിശ്ചയിച്ച സാഹചര്യത്തില്‍ കുട്ടികള്‍ക്ക് സൗജന്യ വാഹനയാത്ര വിദ്യാഭ്യാസ വകുപ്പ് ഒരുക്കണം.  ഓട്ടോ റിക്ഷാ തൊഴിലാളികളെ സര്‍ക്കാര്‍ പൂര്‍ണ്ണമായും അവഗണിച്ചു.  ക്വാറന്‍റൈന്‍ ചുമതല പഞ്ചായത്തുകള്‍ക്ക് നല്‍കിയെങ്കിലും അതിനുള്ള ഫണ്ട് പഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടില്ല

ജോലി നഷ്ടപ്പെട്ട് തിരികെഎത്തിയ പ്രവാസികളുടെ മക്കള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനു സൗകര്യം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണ്ണമായും ഫീസിളവ് ഇവര്‍ക്ക് നല്‍കണം.
ലോക്ഡൗണ്‍ കാലത്ത് ജില്ലയില്‍ പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കാന്‍ നീക്കം നടക്കുന്നു.  സി.പി.എം ജില്ലാ നേതൃത്വം ഇതിനുള്ള സമ്മര്‍ദ്ദം ചെലുത്തിവരുന്നു.   ഗ്രാമ പ്രദേശങ്ങളില്‍ പോലും മാനദണ്ഡം ലംഘിച്ച് സ്റ്റാര്‍ ഹോട്ടലുകള്‍ ഉയര്‍ന്നു കഴിഞ്ഞു.  പ്രദേശിക ജാഗ്രതാസമിതികള്‍ക്കുള്ള മാനദണ്ഡം എല്ലാവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണം.  ജാഗ്രതാ സമിതികളിലെ സി.പി.എം അപ്രമാദിത്വം ഡി.സി.സി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


ജില്ലയില്‍ കോവിഡ് ടെസ്റ്റിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിക്കണം.  ലോക്ഡൗണ്‍ കാലത്ത് പുറത്തിറങ്ങിയവരെ മുഴുവന്‍ പരിശോധനക്ക് വിധേയമാക്കണം.  കള്ള് ഷാപ്പുകള്‍ തുറന്നത് പ്രതിഷേധാര്‍ഹമാണ്.  ബസ് ചാര്‍ജ്ജ് ഇരട്ടിയാക്കാനുള്ള തീരുമാനം സാധരണക്കാര്‍ക്ക് താങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.  ജില്ലയില്‍ കിഴക്കന്‍ മേഖലയില്‍ വന്യജീവി ആക്രമണം വ്യാപകമായി.  ജനങ്ങളുടെ പരിഭ്രാന്തി നീക്കാന്‍ സ്വീകരിച്ച നടപടികള്‍ ഗുണം കണ്ടില്ല.  ജനങ്ങള്‍ ഭീതിയിലാണ്.  ലോക്ഡൗണ്‍ കാലത്ത് പിടിച്ചെടുത്ത മുഴുവന്‍ വാഹനങ്ങളും വിട്ടുനല്‍കിയിട്ടില്ല.

ഡി.സി.സി യുടെ സൗജന്യ പൊതിവിതരണം ഇന്ന് 45-ാം ദിവസമാണ്. തുടര്‍ച്ചയായി ഭക്ഷണപ്പൊതി വിതരണം ചെയ്ത ജില്ലയിലെ ഏക രാഷ്ട്രീയ പ്രസ്ഥാനം കോണ്‍ഗ്രസാണ്.  ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ വഴി പച്ചക്കറി കിറ്റുകളും, ഭക്ഷ്യകിറ്റുകളും, മാസ്ക്കുകളും വിതരണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത ക്വാറികളും, ടിപ്പര്‍ ലോറികളുടെ മത്സര ഓട്ടവും ലോക്ഡൗണ്‍ കാലത്തും തുടരുകയാണ്.  ഒരു നടപടിയും സ്വീകരിക്കുന്നില്ല.  കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജകപാക്കേജ് സാധരണക്കാര്‍ക്ക് ഗുണം ചെയ്യില്ലെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു.  ഒരു കുടുംബത്തിന് പതിനായിരം രൂപ വീതം എല്ലാ മാസവും നല്‍കിയാല്‍ മാത്രമേ പണലഭ്യത ഉണ്ടാകുകയുള്ളു.  വിദേശ രാജ്യങ്ങള്‍ അവരുടെ പൗരന്മാര്‍ക്ക് പണം നല്‍കിയാണ് പ്രതിസന്ധിയെ നേരിടുന്നതെങ്കില്‍, ഇന്ത്യയില്‍ പൗരന്‍റെ മുഴുവന്‍ ചെലവുകളും പൗരന്‍ തന്നെ വഹിക്കേണ്ട സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.


ലോക്ഡൗണ്‍ നിയമത്തിന്‍റെ മറവില്‍ പോലിസ് അനാവശ്യമായി പൊതുജനങ്ങളുടെ മേല്‍ പെറ്റി കേസെടുത്ത് ബുദ്ധിമുട്ടിക്കുന്നതായി വ്യാപകമായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.  വരുമാന വര്‍ദ്ധനയ്ക്കായി സര്‍ക്കാരിന്‍റെ രഹസ്യ നിര്‍ദ്ദേശം ഇതിനു പിന്നിലുണ്ട്.  മറ്റ് സംസ്ഥാങ്ങളില്‍ നിന്നും പത്തനംതിട്ട ജില്ലയിലേക്ക് വരാന്‍ കാത്തിരിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം മനപ്പൂര്‍വ്വം പാസ് നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ തുടര്‍ നടപടികളെ പറ്റിയുള്ള ആശങ്കകള്‍ അകറ്റാന്‍ ജില്ലയില്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു. 

0 comments:

Post a Comment

Contact Form

Name

Email *

Message *

CONTACT US

04682 222658