ചിറ്റാര്‍ കുടപ്പനക്കുളം പടിഞ്ഞാറെ ചരുവില്‍ പി.പി.മത്തായിയെ (പൊന്നു) ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ ക്ക് കൈമാറുവാനുള്ള ബഹു: കേരളാ ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ പതിനെട്ടു ദിവസമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്യത്തില്‍ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനു മുമ്പില്‍ നടത്തിക്കൊണ്ടിരുന്ന റിലേ സത്യാഗ്രഹം ഇന്നലെ (21.08.2020) അവസാനിപ്പിച്ചു. സമരം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് പൊന്നുവിന്റെ ഭവനത്തില്‍ സന്ദര്‍ശനം നടത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു.
സമൂഹത്തില്‍ ഇത്തരമൊരു അനീതി ഇനി ആവര്‍ത്തിക്കരുത് എന്ന ഉദ്ദേശത്തോടെയാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഈ സത്യാഗ്രഹ സമരരംഗത്തേക്ക് ഇറങ്ങിയത്. 19 ദിവസം നീണ്ടു നിന്ന സത്യാഗ്രഹ സമരം. മത്തായി മരണമടഞ്ഞ ശേഷം പിറ്റേന്ന് ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ മാര്‍ച്ച് നടത്തിക്കൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തുടങ്ങിവെച്ച പ്രതിഷേധം അതിനുശേഷം 19 ദിവസത്തെ സമരം സത്യാഗ്രഹത്തിലേക്ക് മാറുകയായിരുന്നു.
ഓഗസ്റ്റ് നാലാം തീയതി മുതല്‍ നടന്ന സമര സത്യാഗ്രഹത്തില്‍ കേരളത്തിലെ പ്രമുഖ നേതാക്കന്മാര് പങ്കെടുത്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ, ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥന് എം.എല്‍.എ, കെപിസിസി വൈസ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ്, കെ.മുരളീധരന് എം.പി, രാജ്മോഹന്‍ ഉണ്ണിത്താന് എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി,ആന്റോ ആന്റണി എംപി, അടൂര്‍പ്രകാശ് എം പി, പിജെ ജോസഫ് എംഎല്‍എ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരന്, സംസ്ഥാന ദളിത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ കെ ഷാജു, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, യുഡിഎഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂര്‍, പന്തളം സുധാകരന്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ ശിവദാസന്‍ നായര്‍, പഴകുളം മധു, എ എ ഷുക്കൂര്‍, ടോമി കല്ലാനി, റോയ് കെ പൗലോസ്, ജോണ്സണ് എബ്രഹാം, ജീ രതികുമാര്‍, കെപിസിസി അംഗം പി. പിമോഹന്രാജ്, എഐസിസി അംഗം മാലേത്ത് സരളാദേവി എന്നിവര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാറാണ് ഈ സമരം ഏറ്റെടുക്കാന്‍ ആദ്യമായി പ്രചോദനം നല്‍കിയത്. ചിറ്റാറില്‍ എത്തി പൊന്നുവിന്റെ കുടുംബത്തെ നേരില്‍ കണ്ടതും സമരം ഏറ്റെടുക്കാന്‍ ഡിസിസി യോട് നിര്‍ദേശിച്ചതും അദ്ദേഹമാണ്. ചിറ്റാര്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അതെന്താണെന്ന് അന്വേഷിച്ച് ഡിസിസി വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നും ബഹു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നിര്‍ദ്ദേശിച്ചിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, എഐസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗം എ.കെ ആന്റണി സാര്‍ എന്നിവര്‍ സത്യാഗ്രഹ സമരത്തിന് പിന്തുണയുമായി പലതവണ ഫോണില്‍ ബന്ധപ്പെട്ടു നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. അങ്ങനെ 19 ദിവസം നീണ്ടുനിന്ന ഐതിഹാസികമായ ഒരു സമരത്തിന് നേതൃത്വം കൊടുക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയ്ക്ക് കഴിഞ്ഞു. സിബിഐ ഇതില്‍ ഒരു സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് നമ്മള് എല്ലാവരും വിശ്വസിക്കുന്നു. പൊന്നുവിന്റെ മരണം കൊലപാതകമാണെന്ന് തെളിയും ആ കുടുംബത്തിന് നീതി കിട്ടുകയും ചെയ്യും എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുകയാണ്.
7 ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരുടെ ചോദ്യംചെയ്യലില്‍ നിന്നുണ്ടായ ക്രൂരമായ മര്‍ദ്ദനം മൂലമാണ് പി പി മത്തായി കൊല്ലപ്പെട്ടത്. ഇത് പുറത്തു വരാതിരിക്കാന്‍ വേണ്ടി ഇവര്‍ ക്രൂരമായി അദ്ദേഹത്തെ കൊന്ന് കിണറ്റിലിട്ടു. 23 ദിവസം ഒരു മൃതദേഹം മോര്‍ച്ചറിയില്‍ വച്ച് ഒരു സമരം കേരളത്തില്‍ ഇതാദ്യമായിരിക്കും. നീതി കിട്ടും വരെ മൃതദേഹം സംസ്കരിക്കില്ല എന്നത് പൊന്നുവിന്റെ കുടുംബത്തിന്റെ തീരുമാനം ആയിരുന്നു. ആ കുടുംബത്തിന്റെ തീരുമാനത്തോടോപ്പം അവര്‍ക്ക് നീതി ലഭിക്കാനായി എല്ലാ പിന്തുണയോടും കൂടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൂടെനിന്നു. ഏത് ജനപ്രതിനിധികളുടെയും സര്‍ക്കാരിന്റെയും കണ്ണുതുറപ്പിക്കുന്ന വിഷയമായിരുന്നു ചിറ്റാറിലേത്. എന്നാല്‍ കേരള സര്‍ക്കാര്‍ യാതൊരു നീതിയും പൊന്നുവിന്റെ കുടുംബത്തിനോട് കാണിച്ചില്ല. അതുപോലെ തന്നെ കൊലപാതകികള്‍ ആയ 7 ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാര് സര്വീസിലിരിക്കുകയെന്നത് രാജ്യത്തിലെ തന്നെ ആദ്യത്തെ സംഭവമായിരിക്കും. ഇങ്ങനെയുള്ള ആളുകള്‍ ഇപ്പോഴും സര്‍ക്കാറിന്റെ ശമ്പളം വാങ്ങി ചിരിക്കുന്നു എന്ന് പറയുന്നത് വളരെ അപഹാസ്യമാണ്.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ഈ സത്യാഗ്രഹ സമരത്തില്‍ പൊന്നുവിനു നീതി ലഭിക്കണം എന്ന നിശ്ചയദാര്‍ഢ്യത്തോടെ പൊന്നുവിന്റെ ഭാര്യയും മക്കളും കുടുംബാംഗങ്ങളും സമരപ്പന്തലില്‍ എത്തിച്ചേര്‍ന്നു. ഒപ്പം ഡിസിസി കളക്ട്രേറ്റിനു മുന്പില് നടത്തിയ ഉപവാസ സമരത്തിലും കുടുംബാംഗങ്ങള്‍ പങ്കെടുത്തു. ഹൈക്കോടതിയില്‍ പൊന്നുവിന്റെ ഭാര്യ റിട്ട് പെറ്റീഷന് കൊടുത്തില്ലായിരുന്നു എങ്കില്‍ ഈ കേസ് സിബിഐ അന്വേഷണത്തിന് പോകില്ലായിരുന്നു. പോലീസ്, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റുകളും സര്‍ക്കാരും നമ്മോട് നീതി കാണിച്ചില്ല. പക്ഷെ നീതിപീഠത്തോട് ഉത്തമമായ വിശ്വാസം നമുക്കുണ്ട്. പൊന്നുവിന് നീതി ലഭിക്കുക തന്നെ ചെയ്യും.
ചിറ്റാറില്‍ നടന്ന സമര സത്യാഗ്രഹം വിജയിപ്പിക്കുവാന്‍ സഹായിച്ച യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു ഭാരവാഹികളെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രത്യേകമായി അഭിനന്ദിക്കുകയാണ്. സത്യാഗ്രഹത്തിന് ഇടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിക്കുകയും, ജാമ്യമില്ലാതെ കേസ് എടുക്കുകയും ചെയ്തു. ഇതിനെയൊക്കെ അതിജീവിച്ചുകൊണ്ട് കോണ്‍ഗ്രസിന്റെ എല്ലാ പോഷക സംഘടനകളും സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്തു.
കേസ് സിബിഐക്ക് കൈമാറിയ ഇന്നലെ ജില്ലയില്‍ നാലിടങ്ങളില്‍ ആയി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ പത്തനംതിട്ട കളക്ടറേറ്റിന് മുന്പില് ഉപവാസ സമരം നടത്തിയിരുന്നു. ഏഴംകുളത്ത് വനംവകുപ്പ് മന്ത്രി രാജുവിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. അടൂര്‍ മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാര്‍ പ്രതിഷേധം നടത്തി. ചിങ്ങം ഒന്നിന് ജില്ലയിലെ എല്ലാ കൃഷി ഓഫീസുകള്‍ക്കു മുന്പില് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊന്നുവിന് നീതി തേടിയുള്ള പ്രതിഷേധങ്ങള്‍ നടന്നു. ഫോറസ്റ്റ് സ്റ്റേഷനുകള്‍ക്ക് മുന്‍പിലും പ്രതിഷേധങ്ങള്‍ നടന്നു.
പൊന്നുവിന് വേണ്ടിയുള്ള സമരത്തില്‍ ജില്ലയിലെ ഡിസിസി വൈസ് പ്രസിഡന്റുമാര്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍, ഡിസിസി അംഗങ്ങള്‍, ആതിഥേയരായ തണ്ണിത്തോട് ബ്ലോക്ക് പ്രസിഡന്റ് റോയ് ജോര്‍ജ്, ചിറ്റാര്‍ മണ്ഡലം പ്രസിഡന്റ് ബഷീര്‍, മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു, ഐഎന്‍ടിയുസി, ഡിഫറന്റലി ഏബിള്‍ഡ് കോണ്‍ഗ്രസ്, ദളിത് കോണ്‍ഗ്രസ്, ന്യൂനപക്ഷ കോണ്‍ഗ്രസ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ജില്ലയിലെ വിവിധ യുഡിഎഫ് ഘടകകക്ഷി നേതാക്കള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, ബ്ലോക്ക് ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രിയപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്ലാവരും സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്തു.
ഈ സമരത്തില്‍ സഹകരിച്ച ഈ സമരം വിജയിപ്പിച്ച സമരത്തിന് പിന്തുണ നല്കിയ പൊന്നുവിന് നീതി ലഭിക്കാന്‍ വേണ്ടി പ്രയത്നിച്ച എല്ലാവരെയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അഭിനന്ദിക്കന്നു. അവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
ബാബു ജോര്‍ജ്
ഡിസിസി പ്രസിഡന്റ്






0 comments:
Post a Comment