കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലും കോവിഡ് കേന്ദ്രങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ജില്ലാ ഭരണകൂടം സമ്പൂര്‍ണ പരാജയമാണെന്ന് ഡി.സി.സി ഇതിന് മുമ്പ് നിരവധിതവണ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ സ്ഥിതി കുറേക്കൂടി ഗൗരവമായി മാറിയിരിക്കുന്നു. കോവിഡ് രോഗികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിലും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പരാജയപ്പെട്ടിരിക്കുന്നു. കോവിഡ് പ്രതിരോധത്തിലെ പത്തനംതിട്ട മാതൃകയുടെ പേരില്‍ ഊറ്റം കൊണ്ടവരുടെ മുന്നില്‍ 108 ആംമ്പുലന്‍സില്‍ കോവിഡ് ബാധിച്ച ദളിത് യുവതിയുടെ പീഡനം ഏവരെയും ഞെട്ടിച്ചിരിക്കുന്നു. ഈ സംഭവത്തിന് ഉത്തരവാദികളായ ജില്ലാ ഭരണകൂടങ്ങള്‍ക്കെതിരെ ഡി.സി.സി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇന്ന് (09.09.2020) ബുധന്‍ പകല്‍ 3 മുതല്‍ പത്തനംതിട്ട കളക്ട്രേറ്റിന് മുന്പില് പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുമെന്നും ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അറിയിച്ചു.
ഈ സംഭവത്തെ നിസാരവല്‍ക്കരിക്കാനാണ് ജില്ലാ ഭരണ കൂടം ശ്രമിച്ചത്. ഇത് ഒരു നിസാര സംഭവമാണോ? ജില്ലാ കളക്ടറും, ഡി.എം.ഒ യും ജില്ലാ പോലീസ് ചീഫും ഇതിനു ഉത്തരവാദികളാണ്. സുരക്ഷ ഒരുക്കേണ്ട പോലീസ് മറ്റ് പണികളിലാണ്. ഓണക്കാലത്ത് പത്തനംതിട്ട ടൗണില്‍ നിയമ വിരുദ്ധമായി മൈക്ക് കെട്ടി പൊതുജനങ്ങളില്‍ നിന്നും ഈടാക്കേണ്ട ഫൈനിന്റെ വിവരം പറയുന്നതിലും, ചില വ്യാപാരസ്ഥാപനങ്ങളുടെ പരസ്യം പറയുന്നതിലുമായിരുന്നു പോലീസിന്റെ ശ്രദ്ധ. കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ വൃത്തിഹീനമാണ്. നല്ല ഭക്ഷണം രോഗികള്‍ക്ക് നല്‍കുന്നില്ല. പ്രാഥമിക സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ശോചനീയാവസ്ഥ ചികിത്സാ കേന്ദ്രങ്ങളില്‍ നിലനില്ക്കുന്നു. പത്തനംതിട്ട ഡി.എം.ഒ ഓഫീസ് കേന്ദ്രീകരിച്ച് സ്ത്രീപീഡനക്കേസ് ഒത്തുതീര്‍ന്നതായി എഗ്രിമെന്റ് ഉണ്ടാക്കുന്നു ഇതെങ്ങനെ സാധിക്കും. പോലീസിനു കൈമാറേണ്ട പരാതി ആയിട്ടും അതു ചെയ്യാതെ ഡി.എം.ഒ തന്റെ കീഴിലുള്ള ഡോക്ടറായ പ്രതിയെ സംരക്ഷിച്ചു. തുടര്‍ന്ന് എന്‍.ജി.ഒ യൂണിയാന്‍ ഇടപെട്ട് ഇരയായ ആരോഗ്യവകുപ്പിലെ ഫാര്‍മസിസ്റ്റിനെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലും രോഗികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിലും ശ്രദ്ധിക്കാതെ പീഡനക്കേസ് പ്രതിയെ രക്ഷപെടുത്തുവാനാണ് ഡി.എം.ഒ സമയം ചെലവഴിക്കുന്നത്. ഡി.എം.ഒ ഓഫീസിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഡി.എം.ഒ യെ അടിയന്തിരമായി സസ്പെന്റ് ചെയ്യണം. ആരോപണ വുധേയരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണം. രണ്ട് മാസം മുമ്പ് വേറെ ഒരു ആംബുലന്‍സ് ഡ്രൈവര്‍ സ്ത്രീകളെ മണിക്കൂറുകളോളം ആംബുലന്‍സില്‍ കൊണ്ടുനടന്നു. അവസാനം അവര്‍ ബഹളംവെച്ചാണ് രക്ഷപെട്ടത്.എന്‍.എച്ച്.എമ്മില്‍ സി.പി.എം ജില്ലാ സെക്രട്ടറി നല്കുന്ന ലിസ്റ്റ് പ്രകാരം നിയമനം നല്കുന്നു. ഇത് വന്‍ അഴിമതിയാണ്.
ഡപ്യൂട്ടേഷന് അപേക്ഷ പോലും ഇല്ലാതെ DPM നെ നിയമിച്ചു. ആര്‍ദ്രം പദ്ധതി ജില്ലാ ആഫീസറായ ഡോക്ടര്‍ ഒരു നഴ്സിംഗ് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി. ഇതൊക്കെ പത്തനംതിട്ടയിലെ ആരോഗ്യവകുപ്പില്‍ നടക്കുന്ന വൃത്തികേടുകളാണ്. ഇതിനെതിരെ 108 ആംബുലന്‍സ് നടത്തിപ്പിന് ഹൈദ്രബാദ് കമ്പനിക്ക് നല്കിയ കരാറിലും വന്‍ അഴിമതിയുണ്ടെന്ന് ബാബു ജോര്‍ജ്ജ് ആരോപിച്ചു. കമ്പനിയുമായി ആരോഗ്യവകുപ്പ് ഉണ്ടാക്കിയിട്ടുള്ള ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ ആരോഗ്യമന്ത്രി ഇടപെട്ട് നീക്കി കമ്പനിയെ സഹായിച്ചത് എന്തിനു വേണ്ടിയാണെന്ന് വ്യക്തമാക്കണം. ആരോഗ്യവകുപ്പ് സമ്പൂര്‍ണ്ണമായി ജില്ലയില്‍ പരാജയപ്പെട്ടെന്നും ജില്ലാ കളക്ടര്‍ പി.ആര് വര്‍ക്കിന്റെ തടവറയിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന പ്രതിഷേധ സായാഹ്നത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും നേതാക്കളും പങ്കെടുക്കുമെന്നും ബാബു ജോര്‍ജ്ജ് അറിയിച്ചു.

0 comments:
Post a Comment