2021 ഏപ്രിലില്‍ കേരളത്തില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച 2020 ഡിസംബര്‍ എന്ന സമയപരിധി കേരളത്തിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ തികച്ചും അപര്യാപ്തമാണെന്നും സമയം നീട്ടി നല്‍കണമെന്നും പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയുടെ ഇലക്ടറല്‍ റോള്‍ ഒബ്സര്വ്വറായ ആയുഷ് സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് ഐ.എ.എസിന്റെ അദ്ധ്യക്ഷതയില്‍ പത്തനംതിട്ട ജില്ലാ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും താലൂക്ക് ഇലക്ഷന് തഹസില്‍ദാര്‍മാരുടെയും യോഗത്തിലാണ് ബാബു ജോര്‍ജ്ജ് ഈ ആവശ്യം ഉന്നയിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം 16 നാണ് വരുന്നത്. തുടര്‍ന്ന് പാര്‍ട്ടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാരെ നിശ്ചയിക്കുന്ന തിരിക്കിലാവും. ഡിസംബര്‍ 30 ന് മുമ്പ് ഈ പ്രക്രിയ പൂര്‍ത്തീകരിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ സാഹചര്യത്തില്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബൂത്ത് ലെവല്‍ ഓഫീസര്‍മാരായി പെന്ഷന് പറ്റിയ ഉദ്യോഗസ്ഥരെ നിയമിച്ചതില്‍ അദ്ദേഹം ആശങ്ക അറിയിച്ചു.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് സമയം നീട്ടി നല്‍കണം. : ബാബു ജോര്‍ജ്ജ്
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധികളായി ഓരോ ബൂത്തിലും നിയമിച്ചിട്ടുള്ള ബി.എല്‍.ഒ മാരെ സഹായിക്കുന്നതിന് എല്ലാ ബൂത്തിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബി.എല്‍.എ മാരെ നിയമിക്കാന്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ബി.എല്‍.എ നിയമനത്തിന് ഔദ്യോഗിക സ്വഭാവം ഇല്ലാത്തതുമൂലം ഇവരുടെ നിര്‍ദ്ദേശങ്ങള്‍ ബി.എല്‍.ഒ മാര്‍ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.എല്‍.എ മാര്‍ക്ക് ഔദ്യോഗിക നിയമന ഉത്തരവ് നല്‍കണമെന്നും ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു.
അക്ഷയ കേന്ദ്രം വഴി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് സൗജന്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വോട്ടര്‍ പട്ടികയില്‍ നിന്നു അര്‍ഹതയുള്ളവരെ നോട്ടീസ് പോലും നല്‍കാതെ നീക്കം ചെയ്യുന്നത് അംഗികരിക്കാനാവില്ല. ഓരോ തെരഞ്ഞെടുപ്പിലും പണംമുടക്കി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ടി വരുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും പണക്കാര്‍ക്ക് മാത്രം മത്സരിക്കാന്‍ കഴിയുന്ന ഒരു വേദിയായി തെരഞ്ഞെടുപ്പ് രംഗം മാറുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ്, അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ ഡി.സി.സി ഉയര്‍ത്തിയ വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് സംബന്ധിച്ച പരാതികള്‍ ഇത്തവണയും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. 3600 ലധികം പേരെ ഇത്തരത്തില്‍ പരിശോധനയില്‍ ഒഴിവാക്കിയതായി കളക്ടര്‍ അറിയിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.ആര് സോജി, ജി. രഘുനാഥ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
0 comments:
Post a Comment